വർഷങ്ങൾക്കുമുമ്പ് ഞാൻ കോഴിക്കോട് ടൗൺ ഹാളിൽ ഏതോ നാടകം കഴിഞ്ഞ് അവിടത്തെ വരാന്തയിൽ ഇരിക്കുമ്പോൾ കാഴ്ചയിൽ അത്രയൊന്നും പ്രായം തോന്നാത്ത ഒരു പയ്യൻ ഓടിവന്ന് അവിടുത്തെ വലിയ തൂണിൽ തനിക്ക് എത്താത്ത കൈകൾകൊണ്ട് ചുറ്റിപ്പിടിച്ച് എന്നോട് ചോദിച്ചു, “ഞാനും വരട്ടെ നാടകം ചെയ്യാൻ?”
എനിക്കപ്പോൾ ഒരു സഹായിയുടെ ആവശ്യമുണ്ടായിരുന്നു. കലോത്സവങ്ങളുടെ തിരക്കുകാലം അന്നുമുതൽ വിജേഷ് എൻറെ കൂടെ വന്നു.
എല്ലാദിവസവും വരില്ല കൃത്യനിഷ്ഠത കുറവാണെങ്കിലും അവൻ വരുമ്പോൾ ക്യാമ്പിൽ ഓളമാണ് നാടകവുമായി ബന്ധപ്പെട്ട് അല്ല, ആക്ടേഴ്സിനെ നാടകത്തോട് അടുപ്പിക്കുന്നതിൽ ആയിരുന്നു വിജേഷിന്റെ ശ്രദ്ധ.
അവൻറെ കളിയും ചിരിയും ആസ്വദിക്കുന്നവർ അറിഞ്ഞിരുന്നില്ല സാവകാശം അവൻ അവരെ കഥാപാത്രങ്ങളിലേക്ക് അടുപ്പിക്കുകയായിരുന്നു എന്ന്. പിന്നെ കുറെ കാലത്തേക്ക് വിജേഷിനെ കാണില്ല.
അവൻ മറ്റു പലരുടെയും നാടകങ്ങൾക്കൊപ്പമോ അവരുടെ നാടക ക്യാമ്പുകളിൽ വിളിക്കാതെ കയറിച്ചെന്ന് അവിടുത്തെ അഭിനോക്കളെ കഥാപത്രങ്ങളാക്കി മാറ്റുകയോ ചെയ്തുകൊണ്ടിരിക്കയാവും അപ്പോൾ. ഏത് നാടക ക്യാമ്പിലും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാനുള്ള അധികാരം വിജേഷിന് ഉണ്ടായിരുന്നു.
കോഴിക്കോട് മാനാഞ്ചിറ സ്ക്വയറുമായി ബന്ധപ്പെട്ട് ജ്യോതിഷ് SN, അനിൽ ജിഎസ്, രാധാകൃഷ്ണൻ ഇളയിടത്ത് തുടങ്ങി വലിയൊരു സൗഹൃദ ശൃംഖല രൂപപ്പെട്ടതിൽ പിന്നെയാണ് വിജേഷുമായുള്ള അടുപ്പത്തിന് ദൃഢത ഏറിയത്.
കെപിഎസി തോപ്പിൽഭാസി നാടക മത്സരത്തിനായി ഞാൻ മണ്ണ് നാടകം ചെയ്തുകൊണ്ടിരിക്കുമ്പോൾ അവിചാരിതമായി വിജേഷ് ക്യാമ്പിൽ വന്നു. “നാടകത്തിൽ ഞാൻ ഒരു പാട്ടുപാടട്ടെ?” എന്ന് ചോദിച്ചു. വിജേഷ് പാടി ;
“കുഞ്ഞുകുഞ്ഞു പക്ഷി
മെല്ലെ മെല്ലെ പറഞ്ഞു
അമ്മയെ പോലെ
ഞാനും പറക്കുമെന്ന്.”
പി.സി.പാലം സ്കൂളിൽ വച്ചായിരുന്നു റിഹേഴ്സൽ. എന്നും രാത്രിയിൽ സ്കൂളിൻ്റെ ഹാൾ നിറയെ കാഴ്ച്ചക്കാരുണ്ടാവും. അവർ വിജേഷിന്റെ പാട്ടിന് താളമിട്ടു. പിന്നെ എന്നും അവർ വിജേഷിനെ കാത്തിരിക്കും, കുഞ്ഞു കുഞ്ഞു പക്ഷിയെ കേൾക്കാനും പെരുത്ത ഭൂമിയുടെ ഉള്ളിന്റെയുള്ളിലെ ചെറിയ ഭൂമിയെ നാടകം എന്ന് വിളിക്കാനും.
മാസങ്ങളോളം ഞാൻ നാടക റിഹേഴ്സൽ നടത്തിയിട്ടും അവിടുത്തുകാർ നിത്യവും വന്ന് ആ റിഹേഴ്സൽ കണ്ടിട്ടും അവർ ആരും തന്നെ അത്രത്തോളം നാടകത്തോട് അടുത്തിരുന്നില്ല. അവരെയാണ് ഒറ്റരാത്രികൊണ്ട് വിജേഷ് നാടകസ്നേഹികൾ ആക്കി മാറ്റിയത്.
നാടകം സ്നേഹമാണെന്ന് ഓരോരുത്തരെയും അവരറിയാതെ പഠിപ്പിക്കുകയായിരുന്നു വിജേഷ്. നാടകത്തേക്കാൾ ഞങ്ങൾ കൈമാറിയിരുന്നത് തമാശകൾ ആയിരുന്നു. പറഞ്ഞ തമാശകൾ വീണ്ടും വീണ്ടും പറഞ്ഞ് അവൻ തന്നെ ആദ്യം ചിരിക്കും.
കഥയിൽ കുട്ടേട്ടനും ഇളയച്ഛൻ സോമരാജനും സതീഷ് കെ സതീഷും മനോജ് നാരായണനും നിറഞ്ഞുനിൽക്കും. ഏതെങ്കിലും ഒരാളെ പരിചയപ്പെട്ടാൽ (അയാൾ നാടകക്കാരൻ ആവണമെന്നില്ല) അയാളുടെ ഫോണിൽ നിന്നും സമയവും കാലവും നോക്കാതെ അവൻ വിളിക്കും, ഏതെങ്കിലും തമാശ കഥ അയാൾക്ക് പറഞ്ഞുകൊടുക്കാൻ .
ചിലപ്പോൾ പറയും ഈ നമ്പറിലേക്ക് ഒരു 100 രൂപ ഗൂഗിൾ ചെയ്യണേ എന്ന് അങ്ങനെ ഗൂഗിൾ പ്ലേ ചെയ്ത ഒരു നമ്പറിൽ നിന്നും മാസങ്ങൾക്ക് ശേഷം എനിക്കൊരു കോൾ വന്നു ഈ ഫോണിലേക്ക് ഒരു 100 രൂപ ഗൂഗിൾ പേ ചെയ്യുമോ എന്ന് ചോദിച്ചു. നിങ്ങളാരാണ് എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു. “പണ്ട് നിങ്ങൾ ചെയ്തിട്ടുണ്ട് “
“ഞാനോ? നിങ്ങളാരാണെന്ന് പറ ” ഞാൻ കുറച്ച് കടുപ്പിച്ചു പറഞ്ഞു.
“നിങ്ങളുടെ ഒരു ഫ്രണ്ട് പറഞ്ഞിട്ട് 100 രൂപ ഗൂഗിൾ പേ ചെയ്തിട്ടില്ലായിരുന്നോ!”
“ഏത് ഫ്രണ്ട് ?” ഞാൻ തിരിച്ചു ചോദിച്ചു. “ഒരു നാടകക്കാരൻ വിജേഷ്
എനിക്ക് ചിരിക്കാനാണ് തോന്നിയത്. ഞാൻ എല്ലാവർക്കും 100 രൂപ ചോദിക്കുമ്പോഴേക്കും ഗൂഗിൾ പ്ലേ ചെയ്യുന്ന ആരോ ആണെന്നാണ് അയാൾ കരുതിയിരിക്കുന്നത്. ഈ കഥ വിജേഷിനോട് പറഞ്ഞപ്പോൾ അവൻ കുട്ടികളെപ്പോലെ കൈയ്യടിച്ച് ചിരിച്ചു.
ചില ദിവസങ്ങളിൽ എൻറെ ട്യൂട്ടോറിയൽ കോളേജിൽ ഞങ്ങൾ രാത്രി ഏറെ വൈകുന്നത് വരെ ഇരിക്കും. മനസ്സിൽ നാടകമായിരുന്ന കാലമായിരുന്നു അത്. പാതിരാവ് ആകുമ്പോൾ എൻറെ വീട്ടിലേക്ക് നടക്കും. രണ്ടുമൂന്നു കിലോമീറ്റർ ദൂരം നടക്കണം ആ യാത്രയിലും നാടകമായിരിക്കും. അന്ന് ഞാൻ കറാമ്പു ചുവക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. പോക്കറ്റിൽ കയ്യിട്ട് കറാമ്പൂകൾ എടുത്ത് വായിലിട്ട് ചവക്കുന്നത് കണ്ട് അവൻ എന്നോട് ഒരു പൂ ആവശ്യപ്പെട്ടു.
ഞാൻ ഒരു കറാമ്പൂ അവന് കൊടുത്തു. അത് ചവയ്ക്കുമ്പോൾ അവൻ പറഞ്ഞു, നല്ല സുഖമുണ്ട് ഇത് കഴിക്കുന്നത് കൊണ്ട് എന്താ ഗുണം? ഞാൻ പറഞ്ഞു, നല്ല വിശപ്പുണ്ടാകും. അത് കേട്ടതും അവൻ അത് കാർക്കിച്ചു തുപ്പിക്കളഞ്ഞു.
“എന്തുപറ്റി?!”……ഞാൻ ചോദിച്ചു. “മനുഷ്യനിവിടെ പച്ചവെള്ളം കുടിക്കാൻ പൈസയില്ലാണ്ട് നിൽക്കുമ്പഴാണ് വിശക്കാൻ കറാമ്പൂതിന്നുന്നത് “. ദരിദ്രനായി ജീവിക്കേണ്ട കാര്യം വിജേഷിന് ഉണ്ടായിരുന്നില്ല, എന്നിട്ടും നാടകം പോലെ അവൻ ദാരിദ്ര്യത്തെ കൂട്ടുപിടിച്ചു. അങ്ങനെയുള്ള ജീവിതം അവനെ അനുഭവസമ്പന്നനാക്കി. ആരെയും അവൻ താഴ്ത്തി കണ്ടില്ല ആരെയും ഉയർന്നവനായും കണ്ടില്ല.
കേരളത്തിൽ ഒരു പുതിയ നാടക സ്വഭാവം വളർത്തിയെടുക്കാൻ വിജേഷിന് കഴിഞ്ഞു. അവൻറെ പാട്ടും ചൊൽക്കാഴ്ചകളും നാടകവും താളവും പുതിയ തലമുറയെ ബോധവൽക്കരിക്കാൻ അവനെ സഹായിച്ചു. ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ പറ്റാത്ത വ്യക്തിത്വമായിരുന്നു വിജേഷിന്റേത്.
വർഷങ്ങൾക്കു മുമ്പ് എൻറെ വീട്ടിലെ കട്ടിലിൽ ഇരുന്ന് അവന് ഞാൻ പാതി എഴുതിയ നാടകത്തിൻറെ സ്ക്രിപ്റ്റ് വായിച്ചു കൊടുത്തു. – (അനാമികളുടെ വിലാപങ്ങൾ) അതിൽ നായിക നായകനോട് പേര് ചോദിക്കുമ്പോൾ നായകൻ ‘പവിത്രൻ” എന്ന് പറയുന്നുണ്ട്.
“പവിത്രൻ – അനാമികളുടെ ആശ്രിതന് ആര് കല്പിച്ചു നൽകിയ പേരായിരിക്കും പവിത്രൻ? ” എന്ന് നായിക തിരിച്ചു ചോദിക്കുന്നു. വായന കഴിഞ്ഞ് കിടക്കുമ്പോൾ വിജേഷ് ഡയലോഗ് ആവർത്തിച്ചു,
“അനാമികളുടെ ആശ്രിതന് ആര് കൽപ്പിച്ച് നൽകിയ പേരായിരിക്കും പവിത്രൻ?”നല്ല ഡയലോഗ് ” അവൻ പറഞ്ഞു. പൂർത്തിയാകാതെ കിടക്കുകയായിരുന്ന ആ സ്ക്രിപ്റ്റ് ഇപ്പോൾ പൂർത്തീകരിച്ചു. നാടകം കാണാൻ വിജേഷ് ഉണ്ടാവില്ല എന്ന സത്യത്തിലേക്ക് എത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല.
പലപ്പോഴും നാടകം ചെയ്യുമ്പോൾ എൻറെ മുമ്പിൽ വിജേഷ് എന്ന പ്രേക്ഷകൻ ഉണ്ടാവാറുണ്ട് എന്നത് സത്യമാണ്. നാടകം ഡിസൈൻ ചെയ്യുമ്പോൾ വിജേഷ് ഈ നാടകത്തെ എങ്ങനെ കാണും എന്ന് ആലോചിച്ചു പോകാറുണ്ടായിരുന്നു. നാടകം കണ്ട് കഴിഞ്ഞാൽ ഏതു നാടകത്തിനേയും എന്നതുപോലെ നല്ല അഭിപ്രായം മാത്രം പറയുക, അത് എത്ര മോശം നാടകമായാലും ആരുടേതായാലും. നാടകം കളിക്കണം, നാടകം നിലനിൽക്കണം അത്രമാത്രമേ വിജേഷിനുണ്ടായിരുന്നുള്ളൂ. അതല്ലെങ്കിൽ അത്രമാത്രം ഇഷ്ടമായിരുന്നു വിജേഷിന് നാടകമെന്ന ഭാഷയെ.
കത്തിജ്വലിച്ചുനിൽക്കെ ഒരു നട്ടുച്ചനേരത്ത് സൂര്യൻ പെട്ടന്ന് അസ്തമിച്ചു പോയതുപോലെയായിരുന്നു വിജേഷിൻ്റെ പോക്ക്. പരിചയപ്പെട്ട ഓരോരുത്തർക്കും മറക്കാനാവാത്ത വേദനയാണ് അവൻ്റെ നഷ്ടം. കബനിയും മോളും ആർജ്ജവത്തോടെ മുന്നേറുന്നത് അവർ കലാകാരന്മാർ ആയതുകൊണ്ടു മാത്രമാണ്. ആ മനോധൈര്യത്തിനെ അംഗീകരിച്ചേ തീരൂ. കാരണം അത്രമേലിഷ്ടമായിരുന്നു വിജേഷിന് കബനിയേയും കബനിക്ക് വിജേഷിനേയും.
വിജേഷിനെ നമുക്ക് ഇനിയും ചേർത്തുപിടിക്കാം, കാരണം നമ്മളെ അവൻ അത്രമാത്രം ചേർത്തുവച്ചിരിക്കുന്നു. അവനെ എത്രയോ ആഴത്തിൽ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു, ഒന്നും എഴുതി വയ്ക്കാറില്ലെങ്കിലും.
സാമൂഹിക പ്രതിബദ്ധതയുള്ള വരികൾ യാതൊരു സാഹിത്യ ജാടയുമില്ലാതെയാണ് വിജേഷ് പകർന്നു തന്നിട്ടുള്ളത്. അതു കൊണ്ടു തന്നെ അവ മനുഷ്യരിലേക്ക് എളുപ്പം സംവേദനം ചെയ്യുകയും കാലങ്ങളായി നിലനിൽക്കുകയും ചെയ്യും.
വിജേഷ് സഞ്ചരിക്കുന്ന ഒരു പാഠപുസ്തകമാണ് നാടകത്തിൻറെ ഒരു അനുഭവ പുസ്തകം.

