ചുമലിൽ കൈയ്യിട്ടു നടന്ന കൂട്ടുകാരൻ നമ്മളെ അപ്രത്യക്ഷനാക്കുന്ന വിച്ച് ക്രാഫ്റ്റാണ് മരണമെന്ന് എഴുതിയത് ഷാജു വി.വി യാണ് . വിജേഷിൻ്റെ മരണം അങ്ങനെ ഒരു ഡ്രമാറ്റിക് ഷിഫ്റ്റ് ആണ്. ആരാണ് അപ്രത്യക്ഷനായത് ? ഒരു ജാലവിദ്യകൊണ്ട് നമ്മളെ മറച്ചു നിർത്തി അവൻ പാട്ടു പാടുന്നുണ്ടാകുമോ ?നാടകമാടുന്നുണ്ടാകുമോ ? വേദികളിൽ നിന്നും, ആൾക്കൂട്ടങ്ങളിൽ നിന്നും നൊടി നേരം കൊണ്ട് അദൃശ്യനാകുന്ന അവൻ്റെ മായം കളി തുടരുന്നുണ്ടാകുമോ ?.
തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ കോഴിക്കോട് ദേവഗിരി കോളേജിൽ വെച്ച് വിജേഷിനെ പരിചയപ്പെടുമ്പോൾ മറ്റൊരു പ്രാന്ത് പൊതിഞ്ഞ് അവൻ മൈതാനത്തിൻ്റെ നടുവിൽ നിൽക്കുകയായിരുന്നു. ആദം ഗിൽക്രിസ്റ്റിനെയൊ, മൊയിൻ ഖാനെയോ , സയ്യിദ് കിർമാനിയെയോ മനസിൽ ധ്യാനിച്ചു കൊണ്ട് ക്രിക്കറ്റ് കളിക്കളത്തിലെ വിക്കറ്റ് കീപ്പറിൻ്റെ ഗ്ലൗ അണിഞ്ഞ് , ബോൾ കൈവിട്ടു പോകാതെ കണ്ണു തുറന്നു കാവൽ നിൽക്കുന്ന ഒരു നിശബ്ദ കാവൽക്കാരൻ. പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം ആ മൈതാനം അവനെ വിട്ടുപോയോ, അവൻ മൈതാനം വിട്ടിറങ്ങിയൊ എന്നറിയില്ല.
ഏത് സമയത്താണെന്നറിയില്ല നാടകത്തിൻ്റെ ഭ്രാന്തുപിടിച്ച വഴികൾ അവൻ്റെ മുന്നിൽ തുറന്നത്. ഒരിക്കലുമത് തന്ത്രപരമായ ഒരു തീരുമാനമാകാൻ വഴിയില്ല. ഒഴിഞ്ഞു പോകാമായിരുന്ന ഒരു ബോളിലേക്ക് പൊടുന്നനെ ചാടി വീണ ഒരു ഗ്ലൗ വർക്ക് .
പിന്നീട് അവൻ നടന്നു തുടങ്ങിയത് ഉറപ്പുള്ള വഴികളിലൂടെയല്ല, ഉറക്കമില്ലാത്ത മനസ്സിൻ്റെ കുഴഞ്ഞ വഴികളിലൂടെയായിരുന്നു. വേദിയിൽ അവൻ പൊട്ടി പുറപ്പെട്ടു. കഥാപാത്രങ്ങൾ അവനെ അല്പാല്പമായി വീണ്ടെടുക്കുകയും, അല്പാല്പമായി കൊല്ലുകയും ചെയ്തു. വിക്കറ്റിൻ്റെ പിന്നിൽ നിന്ന് പഠിച്ച അവൻ്റെ കണ്ണുകൾ വേദിയിലെ സൂക്ഷ്മതയായി. ചൊല്ലി പ്പറച്ചിലുകൾക്കിടയിലെ നിമിഷ നേരത്തെ മൗനം ,
ഒരു തളർന്ന ചിരി, വാക്കുകൾ പാതി മുറിഞ്ഞ സംഭാഷണം, തലയിൽ ആവിഷ്ക്കാരത്തിന്റെ കടലിരമ്പം…….
നാട്ടിൻ പുറത്തെ തിരുവാതിരക്കാലത്തെ പൊറാട്ട് നാടകങ്ങളിൽ തുടങ്ങിയ ആചാര ഘോഷമാണ് പിന്നീടവൻ്റെ ചൊല്ല് കാഴ്ചകളായി പരിണമിച്ചത്.
1997 ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൻ്റെ കുന്ന് കയറുമ്പോൾ അവൻ കുറത്തിയായി രൂപാന്തരം പ്രാപിച്ചിരുന്നു.
” നിങ്ങളെൻ്റെ
കറുത്തമക്കളെ ചുട്ടു
തിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ
കണ്ണുകൾ
ചൂഴ്ന്നെടുക്കുന്നോ?
നിങ്ങളവരുടെ
കുഴിമാടം
കുളം തോണ്ടുന്നോ?…”
കത്തിച്ചു വെച്ച പന്തങ്ങൾക്കു നടുവിൽ പടയണി താളത്തിൽ അവൻ മുഴങ്ങി.
കവിതയുടെ പരമ്പരാഗത ചൊല്ല് കാഴ്ചയ്ക്ക് അപ്പുറം ആചാരമായ ഘോഷവും, സാമൂഹികപരമായ ഓർമ്മയുടെ വീണ്ടെടുക്കലുമായി വിജേഷിൻ്റെ കുറത്തി. കുറത്തി സമൂഹത്തിൽ അടിഞ്ഞു കിടന്ന കീഴാള വാചാലതകളായും, ചലനങ്ങളായും മാറി. കാമ്പസുകൾക്ക് അക്കാലത്ത് അത്ര പരിചിതമല്ലായിരുന്ന ഒരു പ്രത്യയ ശാസ്ത്രത്തിൻ്റെ ആഹ്വാന സന്ദേശമായുമത് മാറി.
കവിതയിലെ രാഷ്ട്രീയ ഉപപാഠം പറഞ്ഞ് കാണികൾക്ക് മുന്നിൽ വിജേഷ് പടയണി തോറ്റമായി.
ഉറ്റവരെയും ഉടയവരെയും മാത്രം കാണികളാക്കി നാട്ടിൻ പുറത്ത് കുറത്തിയാടുമ്പോൾ കാലം അവന് വേണ്ടി കാത്തുവെച്ച വഴി അവനു പോലും മനസിലായിട്ടുണ്ടാവില്ല
” പാർട്ടിയാപ്പീസിൻ്റെ
നെറ്റിയിൽ കെട്ടുവാൻ
രാത്രിയിൽ
ചോരകിനാക്കൊടി
തുന്നിയും…..
ഞാനെ കീഴാളൻ
കൊടിക്കമ്പിൻ്റെ
നാക്കാളൻ “
വിജേഷിൻ്റെ ആവിഷ്ക്കാരത്തിൻ്റെ വഴികൾക്ക് രാഷ്ട്രീയമായ മൂർച്ച കൂടി. ശബ്ദമില്ലാത്തവൻ്റെ ശബ്ദമായി. കുരീപ്പുഴയുടെ “കീഴാളനുമായി ” വേദികൾ നിറഞ്ഞു .
വേള പറിച്ചവൻ്റെയും, കട്ട മരത്തിൻ കടലിൻ കഴുത്തേറിയവൻ്റെയും, തക്ലി കൊരുത്തവൻ്റെയും കഥകൾ കേരളത്തിൻ്റെ കാമ്പസുകൾ മുത്തശ്ശിക്കഥകൾ പോലെ പാടി നടന്നു.
കവിത കൈയൊഴിഞ്ഞു തുടങ്ങിയ തലമുറയെ അരങ്ങിലൂടെ കവിതയിലേക്ക് തിരികെ വിളിച്ചു.
” നേരത്
കാരണമരത്തിൻ്റെ
നാരായ വേരേത്
നാരേത്
അരുളേത് പൊരുളേത് “
ചാർവാകനായി ഡെനിലാൽ അരങ്ങ് നിറയുമ്പോഴേക്കും വിജേഷ് പ്രതിരോധത്തിൻ്റെ കലാകാരനായി പരകായം നടത്തിക്കഴിഞ്ഞിരുന്നു.
ചുവടുകളിലേക്കും താളത്തിലേക്കും വിവർത്തനം ചെയ്ത് സ്വയം അരങ്ങായി . രാഷ്ട്രീയമായി……
1997 ആയപ്പോഴേക്കും ഞാൻ ഉപരിപഠനത്തിന് കോഴിക്കോട് വിട്ട് തിരുവനന്തപുരത്തേക്ക് വണ്ടി കയറി. കൂടെ നടന്നവർ, രാത്രി പകലുകൾ നീണ്ട സംസാരങ്ങൾ , നാടകത്തിൻ്റെ ചൂട്, പാട്ടിൻ്റെ ചൂര് , അതെല്ലാം പിന്നിൽ വെച്ചാണ് ഞാൻ പുറപ്പെട്ടത്. അതിനിടയിൽ വിജേഷ് സ്കൂൾ ഓഫ് ഡ്രാമയിലേക്കും …..അവൻ നാടകം പഠിക്കാൻ പോയതായിരുന്നില്ല ശരീരത്തെ ആയുധമാക്കാൻ, ശബ്ദത്തെ രാഷ്ട്രീയമാക്കാൻ, നടത്തത്തെ ഇടിവാളാക്കാൻ… ഞാൻ തിരിച്ചെത്തുമ്പോഴേക്കും
ഭൂമിൻ്റെ പേരാണ് നാടകം എന്ന പാട്ടുമായി വിജേഷ് നിറയുന്ന നിമിഷങ്ങളായിരുന്നു. പാട്ടായിരുന്നില്ല അതവൻ്റെ ജീവിതത്തെ പ്രഖ്യാപിച്ച സൂക്തങ്ങളായി മാറിയിരുന്നു. വിജേഷ് ഇവിടെ തന്നെ ഉണ്ടായിരുന്നു . സുഹൃത്തുക്കൾക്കു നടുവിൽ കലയായും കലഹമായും, ഭൂമിയോടൊപ്പം, നടത്തത്തോടൊപ്പം നാടകത്തോടൊപ്പം …. ഓർമ്മകൾ വേദിയില്ലാതെ തന്നെ നാടകം പോലെ നമ്മിൽ നിൽക്കും.
പാട്ടും പറച്ചിലുമായി അവൻ ഊരു ചുറ്റി. കുട്ടികളുടെ പരിശീലകനായി. കുട്ടികളുടെ നാടകമായിരുന്നു അവൻ്റെ തിരഞ്ഞെടുപ്പ്.
മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന ഗ്രാമത്തിൽ നിന്നും അനിൽ മാഷ് അവനെ തേടി വന്നതു വഴിത്തിരിവായി.
വിജേഷ് ഈ വർഷം സ്ക്കൂൾ കലോത്സവത്തിന് വേണ്ടി ഒരു നാടകം ചെയ്യണം .
‘ ഇല്ലപ്പാ കലോത്സവത്തിന് നാടകം ചെയ്യുന്നില്ലപ്പാ ‘
തോണിയപകടത്തിൽ പെട്ട് ഒരു പാട് കുട്ടികൾ മരിച്ചു പോയ ഒരു സ്ക്കൂളിൻ്റെ മനസ്സിൻ്റെ ഒടുങ്ങാത്ത വേദന ഒന്ന് മാറ്റാൻ വേണ്ടിയാണ്.
‘ചെയ്യപ്പാ നാടകം ഉണ്ടാക്കാ ഞാൻ വരാപ്പ, ” .
പിന്നെയവൻ തിരിച്ചു വരുന്നത് സമ്മാനവുമായിട്ടാണ്. സമ്മാനമല്ല കേരളം കണ്ടതിൽ വെച്ച് ഏറ്റവും പൊളിറ്റിക്കലായ കുട്ടികളുടെ നാടകം. തീവ്രമായ ആ വിഷയം കുട്ടികളിലൂടെ എത്ര നിസാരമായി അവതരിപ്പിച്ചു എന്നതായിരുന്നു
“ദേ കൊമ്പത്ത്” എന്ന അവൻ്റെ ആദ്യ സ്കൂൾ നാടകം. ( എൻ്റെ ഓർമ്മയും അറിവും ശരിയാണെങ്കിൽ)
മരക്കൊമ്പിൽ കയറി ലോകത്തെ അനീതികളെ വിളിച്ചു പറയുന്ന സുഹറയെന്ന കഥാപാത്രം നാളിത് വരെ സ്ക്കൂൾ നാടകവേദിക്ക് പരിചിതമല്ലാത്ത ദൃശ്യഭാഷ ചമച്ചു കൊണ്ടാണ് മത്സര നാടകത്തെ രാഷ്ട്രീയവൽക്കരിക്കുന്നത്. ഈ നാടകത്തിൻ്റെ രാഷ്ട്രീയ പുതുമ അതിൻ്റെ ലളിതമായ രംഗപടത്തിൻ്റേതാണ്. സുഹറയെന്ന പെൺകുട്ടിയെ അഭിനയത്തിനുള്ള ഉപകരണം മാത്രമായല്ല നിയന്ത്രിക്കപ്പെട്ടതും , ശാസിക്കപ്പെട്ടതുമായ ശരീരത്തെ അധികാരത്തിൻ്റെ പ്രതലത്തിൽ നിന്നും മാറ്റി ഉയരത്തിൽ കയറ്റി വെയ്ക്കുകയാണ് വിജേഷ് ചെയ്തത്. എന്തൊരു ആലോചനയായിരുന്നു വിജേഷേ…….
സുഹറ മരക്കൊമ്പിലിരുന്നു ഉറക്കെ പാടുന്നു…….
” ബി.പി എല്ലിൻ
അരികക്കും
നാട്ടിലെ കള്ളാ ഗോവിന്ദാ
മൂരാച്ചിക്ക് ഒരു മറുവാക്ക്
സുഹറപ്പെണ്ണിൻ
തീവാക്ക് …….
സീറോ സ്ക്രിപ്റ്റിൽ വിജേഷിൻ്റെ ഒരു അതിമാന്ത്രികത !
ദേ കൊമ്പത്ത്.
കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ കലാകാരൻമാരുടെയും ചിത്രകാരന്മാരുടെയും കൂട്ടായ്മയിൽ നടന്നുവന്ന നിലമ്പൂർ ബാലൻ അനുസ്മരണ വേദിയിൽ വിഷാദാത്മകമായി അവൻ പാടി.
“പാട്ട് പാടും കിളിയേ നീ
കൂടു വെച്ച മരത്തിൻ്റെ
പേരെന്താണ്?
മരം കോച്ചും തണുപ്പത്ത്
കൂടില്ലാ കുരുവിയ്ക്ക്
പുതപ്പാകും
ഇലയെന്താണ് “
കരുതലിൻ്റെ തണുപ്പ് എന്നിലേക്ക് പടർന്നപ്പോൾ ഞാൻ അവനോട് പറഞ്ഞു എനിക്കീ പാട്ട് വേണമെടാ…
‘ബീ……ഈ വർഷം നമുക്ക് നിൻ്റെ സ്ക്കൂളിൽ നാടകം ചെയ്യാം.
‘ഞാൻ ഒരു കഥ സൊല്ലട്ടുമാ’
ഒരു കുറുക്കനും പൂച്ചയും പ്രണയത്തിലായ കഥ . രാഷ്ട്രീയ ചിന്തയും സൈദ്ധാന്തിക ഭാരവും പേറി നടന്ന എനിക്ക് ആദ്യമതൊരു കുട്ടിക്കഥയായാണ് തോന്നിയത്. അവൻ്റെ പാട്ടിനോടും സൗഹൃദത്തോടുമുള്ള ആദരവ് വെച്ച് അന്ന് ഞാൻ ജോലി ചെയ്തിരുന്ന കോഴിക്കോട് എൻ. ജി. ഒ ക്വാട്ടേഴ്സ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലേക്ക് അവനെ ക്ഷണിച്ചു. പിന്നീടുള്ള രാപ്പകലുകളിൽ നാടകമെന്ന വലിയ പുസ്തകത്തെയും വിജേഷ് എന്ന സുഹൃത്തിൻ്റെ ആത്മാവിനാഴങ്ങളെയും എന്നെ വായിക്കാൻ പ്രാപ്തനാക്കുകയായിരുന്നു.
ആ വർഷം ‘മ്യാവു ‘ എന്ന നാടകമുണ്ടായി . പുലിയിറങ്ങിയ നാട്ടിൽ പ്രണയത്തിലായിരുന്ന കുറുക്കൻ്റെയും വലിയ വീട്ടിലെ വളർത്ത് പൂച്ചയുടെയും കഥ പറഞ്ഞ ‘ മ്യാവു ‘ എന്ന ശീർഷകം തന്നെ വ്യംഗാത്മകമാണ്. പൂച്ചയുടെ നിസ്സാരമായ വിളിയായി തോന്നുന്ന ഈ വാക്ക് നാടകത്തിനകത്ത് മൗനത്തിലേക്ക് തള്ളപ്പെട്ട മനുഷ്യരുടെ അലർച്ചയായി മാറുന്നു. ഏറ്റുമുട്ടൽ കൊലപാതകങ്ങളെ ഔദ്യോഗിക ഭാഷ “ദേശ സുരക്ഷാ” നടപടിയായി
അവതരിക്കപ്പെടുമ്പോൾ കാണാതാക്കപ്പെടുന്ന ശരീരങ്ങളും, മായ്ച്ചു കളയുന്ന തിരിച്ചറിവുകളുമാണ് വിജേഷ് വേദിയിൽ മുന്നോട്ട് വെച്ചത്. അഭിനയത്തിലും, ദൃശ്യ ക്രമീകരണത്തിലുമുള്ള ലാളിത്യം നാടകത്തെ കൂടുതൽ ശക്തമാക്കി.
ചിത്രകാരനായ സന്തോഷ് നിലമ്പൂരുമൊത്ത് വേദിയെ എങ്ങനെ കൊച്ചു നിർദ്ദേശങ്ങൾ കൊണ്ട് രാഷ്ട്രീയമാക്കാമെന്നത് വിജേഷിൻ്റെ ആഴത്തിലുള്ള ആലോചനയുടെ പ്രകടനമാണ്. വ്യക്തിപരമായി എനിക്കത് നാടകക്കളരിയായിരുന്നു. ആ വർഷം കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മ്യാവൂ ഒന്നാം സമ്മാനാർഹമാവുകയും, പൂച്ചയായ് വേഷമിട്ട ദിവ്യ എന്ന കുട്ടി മികച്ച നടിയാവുകയും ചെയ്തു.
ഓരോ അരങ്ങും മെച്ചപ്പെടുത്താൻ വിജേഷ് കാണിക്കുന്ന ജാഗ്രത. മൗനവും സംഗീതവും , നാലഞ്ച് സംഭാഷണങ്ങളും കൊണ്ട് വിജേഷ് വരച്ചു വെച്ച ചാരുതയാർന്ന തിയേറ്റർ സ്ക്കെച്ചുകൾ.
അടുത്ത വർഷവും ഞങ്ങൾ നാടകം കളിച്ചു ഇ . സന്തോഷ്കുമാറിൻ്റെ തങ്കച്ചൻ മഞ്ഞക്കാരൻ ആ വർഷവും വിജേഷ് ഒന്നാമത് തന്നെ.
തൃശൂർ വേദിയിൽ വെച്ച് കഥാകൃത്ത് സന്തോഷ് കുമാർ നിങ്ങൾ എന്ത് അത്ഭുതമാണ് മനുഷ്യാ കാണിച്ചതെന്ന് പറഞ്ഞ് ചേർത്ത് പിടിച്ചതിന് ഞാൻ സന്തോഷവാനായി സാക്ഷ്യം വഹിച്ചിട്ടുണ്ട്.
സ്ക്കൂൾ വേദികൾ വിട്ട് കോളജുകളിലേക്കും സർവ്വകലാശാലകളിലേക്കും വിജേഷിൻ്റെ പരീക്ഷണങ്ങളെ വിപുലപ്പെടുത്തിയത് പറയാനാഗ്രഹിച്ച രാഷ്ട്രീയത്തിൻ്റെ കനം മുൻനിർത്തി തന്നെയാവണം. ഗുരുവായൂരപ്പൻ കോളേജും മഹാരാജാസും പോലുള്ള കാമ്പസുകൾ വിജേഷിന് വെറും വേദികളായിരുന്നില്ല. ചിന്തയുടെ പരീക്ഷണശാലകളും, യൗവ്വനത്തിൻ്റെ പ്രതിരോധയിടങ്ങളുമായിരുന്നു.
കാമ്പസ് തിയറ്റർ എന്ന സങ്കല്പത്തെ അപരിചിതമായതും തീവ്രമായതുമായ പ്രമേയങ്ങൾ കൊണ്ട് പുതുക്കി പണിയുകയും പ്രതിരോധ സംസ്ക്കാരത്തിൻ്റെ ഭൂമികയുമായി പുനർനിർവചിക്കുകയും ചെയ്തു. മലയാള സാഹിത്യവേദി ബോധപൂർവ്വം തിരസ്ക്കരിച്ചസി . അയ്യപ്പൻ്റെ പ്രേതഭാഷണവും കാവൽ ഭൂതവും അരങ്ങിലെത്തിക്കുക എന്ന് പറയുന്നത് അപാരമായ രാഷ്ട്രീയ പക്ഷപാതിത്വമുള്ള ചിന്തയ്ക്ക് മാത്രം സാധ്യമാകുന്നതാണ്. സത്യത്തിൽ വിജേഷ് നിർവ്വഹിച്ചത് ഒരു നാടക പ്രവർത്തനം മാത്രമല്ല സാഹിത്യതിരസ്ക്കരണത്തിനുള്ള അരങ്ങിൻ്റെ മറുപടി ആയിരുന്നു.
എഴുത്തിൻ്റെ അവതരണമല്ലസി. അയ്യപ്പൻ്റെ എഴുത്തിനെതിരായ സാംസ്ക്കാരിക മൗനത്തിനുള്ള തുറന്ന കലഹമായിരുന്നു.
കക്കു കളിയേയും, തൊട്ടപ്പനേയും തൊട്ടപ്പോഴും വിജേഷിന് പൊള്ളിയില്ല. സ്ത്രീ ശരീരങ്ങളോട് വിജേഷ് പുലർത്തിയ രാഷ്ട്രീയ മമതയുടെ അടയാളങ്ങളായിരുന്നു ഈ തിരഞ്ഞെടുപ്പുകളെല്ലാം. കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച അവൻ്റെ ശരീരത്തിന് മുന്നിൽ ഫ്രാൻസിസ് നെറോണയെന്ന എഴുത്തുകാരൻ വിതുമ്പുമ്പോൾ പരസ്പരം മുട്ടുകുത്തി കേഴുന്ന ഒരു പാരസ്പര്യമാണ് വെളിവാക്കപ്പെടുന്നത്. അനുവാദമില്ലാതെയെന്നല്ല, അഭിപ്രായങ്ങൾ നിരന്തരം ചോദിക്കാതെ ആരുടെയും സൃഷ്ടിക്ക് മുന്നിൽ സർഗാത്മകമായ ഒരു അതിക്രമവും വിജേഷ് നടത്തിയുട്ടുണ്ടായില്ല.
ശരീരം ഒരു രാഷ്ട്രീയ ഭാഷയായി വികസിപ്പിക്കുന്നതിൽ കാസ്റ്റിംഗ് മുതൽ വിജേഷ് കാണിച്ച സൂക്ഷ്മത ഈ എല്ലാ സൃഷ്ടികളിലും പ്രകടമാണ്. കീഴാള ശരീരങ്ങൾ, അലഞ്ഞു നടക്കുന്ന ശരീരങ്ങൾ, ദേഹം നഷ്ടപ്പെട്ടിട്ടും സംസാരിക്കുന്ന ശരീരങ്ങൾ, അധികാരത്തോട് ഏറ്റുമുട്ടുന്ന ശരീരങ്ങൾ ഇവയെല്ലാം ആവർത്തിച്ചു കൊണ്ട് ശരീരത്തെ ഒരു രാഷ്ട്രീയ ചിഹ്നമായി മാറ്റുന്നതിൽ വിജയിച്ച ഒരു നാടക പ്രവർത്തകനായിരുന്നു വിജേഷ്.
വിജേഷ് അടച്ചിട്ട റിഹേഴ്സൽ ക്യാമ്പുകളിൽ നാടകം പരിശീലിപ്പിച്ചതായി അറിവില്ല. ഒരു ആലോചന തുടങ്ങുന്നതേ കഥയും കാതലും സുഹൃത്തുക്കളുമായി പങ്കുവെച്ചിട്ടായിരിക്കും. നാടകം അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന കാണികളേക്കാൾ ആളുകളുണ്ടാകുന്ന നാടക പരിശീലന കളരികൾക്ക് ഞാൻ ദൃക്സാക്ഷിയായിട്ടുണ്ട് . നാടകം അവന് ഒട്ടും സ്വകാര്യമായിരുന്നില്ല , സ്വത്തുമായിരുന്നില്ല ഓരോരുത്തർക്കായി വീതം വെച്ചവൻ്റെ സ്വപ്നമായിരുന്നു. പുറത്തേക്ക് തുറന്നിട്ട വാതിൽ .
മലയാള നാടക വേദിയിൽ വിജേഷ് നടത്തിയ ഇടപെടലുകൾ വ്യക്തിപരമായ വിജയങ്ങളുടെ ശേഖരമായ് മാത്രം വായിക്കപ്പെടാൻ കഴിയില്ല. അവ ഒരു പ്രകടന ചിന്തയുടെ (Performance Praxis) ഭാഗമായി ശരീരത്തിലൂടെ രക്ഷ്ട്രീയമായി ഇടപെട്ട സാംസ്ക്കാരിക പ്രവർത്തനങ്ങളാണ്.
രംഗാവതരണത്തിൻ്റെ സാമ്പ്രദായികമായ സുരക്ഷിത ഇടങ്ങളിൽ നിലകൊള്ളതെ കീഴാള ജീവിതങ്ങളിലേക്കുള്ള ഇറങ്ങിപോക്കുകളായിരുന്നു , അരികുവത്ക്കരിക്കപ്പെട്ട ശരീരങ്ങളുടെ പ്രതിനിധാനങ്ങളായിരുന്നു,അരങ്ങിനെ ഒരു രാഷ്ട്രീയ സ്ഥലമായിട്ടുള്ള സൈദ്ധാന്തിക വത്ക്കരണമായിരുന്നു വിജേഷിൻ്റെ ഇടപെടലുകൾ. കാണികൾക്ക് ആത്മവിശ്വാസം പകരുന്നതിലുപരി ആത്മപരിശോധന ആവശ്യപ്പെടുന്ന സൃഷ്ടികളായിരുന്നു . നാടകശാല അവസാനിച്ചാലും ഒരു പിടച്ചിൽ ഉള്ളിൽ തുടരണമെന്ന വാശിയായിരുന്നു. പ്രേക്ഷകരുടെ അസൗകര്യവും അസ്വസ്ഥതയുമായിരുന്നു നാടകം കൊണ്ടവൻ വിധിച്ചത്. നാടക സംഘത്തെ ഒരു കുടുംബമായി കണ്ട കലാകാരനായതുകൊണ്ട് തന്നെയാണ് പെരുത്ത ഭൂമിയുടെ ഉള്ളിൽ നാടകം കൊണ്ട് ഒരു ചെറിയ ഭൂമി തീർത്തത്. കുട്ടികളുടെ ഭാഷയിൽ അവരെ ചേർത്ത് പിടിച്ച, യുവാക്കളെ കൂടെ നിർത്തിയ, പിഴവുകൾക്ക് ഇടം കൊടുത്ത, കാലിടറുമ്പോഴും കരളിടറാത്ത ചോദ്യമായിരുന്നു വിജേഷ് .
എറണാകുളം സേക്രഡ് ഹാർട്ട് കോളേജിൽ നാടകം ഏറ്റെടുത്ത രാത്രി വൈകി വന്ന ഒരു ഫോൺ കോൾ , വൈലോപ്പിള്ളിയുടെ നർത്തകിയെന്ന കവിതയും മാതാഹരി എന്ന ചാര വനിതയെയും കുറിച്ച് ഒരു പാട് നേരം സംസാരിച്ചു. ഞാൻ എന്തായാലും ഇതിൽ തന്നെ പിടിക്കാൻ തീരുമാനിച്ചു എന്ന ആഹ്വാനത്തോടെയാണ് ആ സംഭാഷണം അവസാനിച്ചത്. രണ്ട് മൂന്ന് നാളുകൾക്ക് ശേഷം ‘ വിശുദ്ധ സ്മിത ‘ എന്ന കവിത വായിച്ചതിൻ്റെ ആവേശത്തിലായിരുന്നു അവനെന്നെ വിളിച്ചത്. ശരീരമെന്ന വലിയ സാധ്യതയെ, കുലീന ശരീരം വിട്ടിറങി സമൂഹത്തെ വിറങ്ങലിപ്പിച്ച സ്ത്രീ ശരീരങ്ങളെ, അവരുടെ ചലന നടന ചാരുതകളേയും ചേർത്ത് നാടകം ഒരുക്കാനുള്ള വ്യഗ്രതയിലായിരുന്നു അവൻ . കേരളത്തിൽ ഒരു പക്ഷേ വലിയ ചർച്ചയാകുമായിരുന്ന ഒരു ആലോചന ബാക്കി വെച്ചാണ് അവൻ പോയത്.
‘ബീ…. നമുക്ക് പെടക്കാടാ ,
നീ വണ്ടി കയറൂ ……. നമുക്ക് ബിനാലേ കാണാലോ നാടകവും ശരിയാക്കാം ഇതായിരുന്നു അവസാന വിളി. വണ്ടി കയറി അവിടെ എത്തിയപ്പോഴേക്കും കൂരിരുട്ടിൽ കൂട്ട് നിൽക്കാതെ കൂട്ടുകാരാ നീ പോയ്….. നീ ഞങ്ങൾ സുഹൃത്തുക്കൾക്ക് എന്തായിരുന്നുവെന്ന് നിൻ്റെ അഭാവം കൊണ്ട് ഞങ്ങൾ മനസ്സിലാക്കാനാരിക്കുന്നേയുള്ളൂ. നീയില്ലാത്തയിടങ്ങളിലേക്കിറങ്ങാൻ കാലറയ്ക്കുന്നു….. കണ്ണ് കലങ്ങുന്നു.

